English| മലയാളം

ആമുഖം

കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കിലാണ് പരവൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. കോട്ടപ്പുറം, പരവൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരവൂര്‍ നഗരസഭയ്ക്ക് 19.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മയ്യനാട്, ചാത്തന്നൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൂതക്കുളം, ചാത്തന്നൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഇടവാ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പരവൂര്‍ നഗരസഭയുടെ അതിരുകള്‍ . ഭൂപ്രകൃതി അനുസരിച്ച് പരവൂരിനെ ഉയര്‍ന്ന സമതലപ്രദേശങ്ങള്‍ , താഴ്ന്ന സമതലപ്രദേശങ്ങള്‍ , തീരപ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിക്കാം. പ്രകൃതിരമണീയമായ കടല്‍ത്തീരവും കായലുകളുമുള്ള പ്രദേശമാണ് പരവൂര്‍ . ഇവിടെ കായലും കടലും സംഗമിക്കുന്നു. സമുദ്രതീരഗ്രാമം എന്നു അര്‍ത്ഥം വരുന്ന “പരവൈയ്യൂര്‍ ” ആണ് പരവൂരിന്റെ ആദ്യനാമമെന്ന് വായ്മൊഴികളും ചില വരമൊഴികളും സൂചിപ്പിക്കുന്നു. ശ്രീമൂലം പ്രജാസഭയുടെ 1925-ലെ വില്ലേജ് പഞ്ചായത്ത് ചട്ടപ്രകാരം 1932-ല്‍ തിരുവിതാംകൂറില്‍ സ്ഥാപിതമായ 6 പഞ്ചായത്തുകളില്‍ ഒന്ന് പരവൂരായിരുന്നു. എന്‍എച്ച് 47-ല്‍ നിന്ന് 8 കിലോമീറ്റര്‍ തെക്കുഭാഗത്തായാണ് പരവൂര്‍ സ്ഥിതി ചെയ്യുന്നത്. പരവൂര്‍ നഗരസഭാപ്രദേശത്തുകൂടി 5 കിലോമീറ്റര്‍ റയില്‍വേപാത കടന്നുപോകുന്നുണ്ട്.