English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് പരവൂര്‍ . സമുദ്രതീരഗ്രാമം എന്നു അര്‍ത്ഥം വരുന്ന “പരവൈയ്യൂര്‍ ” ആണ് പരവൂരിന്റെ ആദ്യനാമമെന്ന് വായ്മൊഴികളും ചില വരമൊഴികളും സൂചിപ്പിക്കുന്നു. “പരവ്വൈയൂര്‍ ” പില്‍ക്കാലത്ത് പരവൈയ്യൂരും പിന്നീട് പരവൂരും ആയി മാറിയതായി കരുതപ്പെടുന്നു. സംഘകാലകൃതികളിലൂടെ മാത്രം അറിയപ്പെടുന്ന ചില ആയ് വംശജരുണ്ട്. ആയ് രാജാക്കന്മാരുടെ രാജ്യത്തില്‍ തിരുനെല്‍വേലി ജില്ലയിലെ ചില ഭാഗങ്ങളും കുട്ടനാടിന് തെക്കുള്ള പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. നെല്‍കിണ്ടയ്ക്കും കന്യാകുമാരിക്കും ഇടയ്ക്ക് “അയോ” എന്ന രാജ്യമുണ്ടായിരുന്നതായി ടോളമി എ.ഡി-150-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ “അയോ” ആയ് രാജ്യമാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ പരവൈ ആയൂര്‍ (പരവൈ + ആയ് + ഊര്‍ ) എന്ന വാക്ക് ലോപിച്ചുമാകാം പില്‍ക്കാലത്ത് പരവൂര്‍ ആയി മാറിയത്. പരവൈ ആയൂര്‍ എന്നാല്‍ ആയി രാജ്യത്തിന്റെ സമൂദ്രതീരത്തുള്ള പ്രദേശം എന്ന അര്‍ത്ഥം വരുന്നുമുണ്ട്. വേണാടിനും ദേശിങ്ങനാടിനും (ജയസിംഹനാട്) ഇടയ്ക്ക് പണ്ടുണ്ടായിരുന്ന പെണ്ണരശുനാടിന്റെ ഭാഗമായിരുന്നു പരവൂര്‍ . ഇവിടെ വേണാട് മഹാരാജാവിനോ ദേശിങ്ങനാട് തിരുവടിയ്ക്കോ യാതൊരുവിധ അധികാരവും പണ്ടുണ്ടായിരുന്നില്ല. ആറ്റിങ്ങല്‍ അമ്മത്തമ്പുരാട്ടിയുടെ അധീനതയിലായിരുന്നു പരവൂര്‍ കോട്ടയും കൊത്തളങ്ങളും കുരുമുളകുപണ്ടകശാലയും മറ്റും. പ്രാചീന സാഹിത്യത്തില്‍ സ്ത്രീരാജ്യമെന്ന് പുകള്‍ പെറ്റ ആറ്റിങ്ങല്‍ രാജ്യത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് സ്ത്രീരാജ്യമെന്ന് പരവൂരിന് പ്രശസ്തി ഉണ്ടായി. ആറ്റിങ്ങല്‍ അമ്മ തമ്പുരാട്ടി പരവൂര്‍ കോട്ട വാണിരുന്നത് തികച്ചും സ്വതന്ത്രമായ രീതിയിലായിരുന്നു. അന്ന് വേണാട് മഹാരാജാവിന്റെ രക്ഷ-ശിക്ഷകള്‍ ഇവിടെ നടപ്പില്ലായിരുന്നു. മറിച്ച് ആറ്റിങ്ങല്‍ റാണി തന്നെ കരം പിരിക്കുകയും രക്ഷ-ശിക്ഷകള്‍ നടപ്പില്‍ വരുത്തുകയും രാജകീയ അധികാരം കൈയ്യാളുകയും ചെയ്തിരുന്നു. പരവൂരിന്റെ മേല്‍പ്പറഞ്ഞ ചരിത്രം വെളിപ്പെടുത്തുന്ന പ്രാചീന രേഖകളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് എ.ഡി.12-ാം ശതകത്തിലുണ്ടായ പൊഴിക്കര ശാസനമാകുന്നു. പൊഴിക്കര ശിവക്ഷേത്രത്തിലുള്ള (ഇന്നത് മേജര്‍ ദേവീക്ഷേത്രം) ഒരു ശിലാ ഫലകത്തില്‍ കൊത്തപ്പെട്ട പ്രസ്തുത ശാസനത്തിന്റെ ലിപി വട്ടെഴുത്താണ്. ആണ്ടു കുറിച്ചിട്ടില്ല. ചില ക്ഷേത്രകാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുകയാണ് ലിഖിതത്തിന്റെ ഉള്ളടക്കം. പരവൂരിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് ഇവിടെ കോട്ട പണിത കാര്യം. ഏത് കാലത്താണ് കോട്ട കെട്ടിയതെന്നു കൃത്യമായി തെളിയിക്കുന്ന രേഖകളില്ല. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഞ്ചുതെങ്ങിലെ കോട്ടയും പണ്ടകശാലയും ഉണ്ടായതിന് അധികം താമസിയാതെയാണ് പരവൂരും കോട്ടകെട്ടിയതെന്നു കരുതുവാന്‍ തെളിവുകള്‍ ഏറെയുണ്ട്. അഞ്ചുതെങ്ങ് കോട്ടയുടെയും പണ്ടകശാലയുടെയും മറ്റും മേധാവിമാരായിരുന്ന റിച്ചാര്‍ഡ് ബോച്ചിയര്‍ , തോമസ് പാറ്റിന്‍ , ഫ്രാന്‍സിസ് ഫൌക്ക് എന്നിവര്‍ ചേര്‍ന്നു 1750 ജനുവരി മാസത്തില്‍ നടത്തിയ ഒരു കാര്യാലോചനയുടെ മിനിറ്റ്സില്‍ ഡ്യൂക്ക് ഓഫ് ന്യൂകാസില്‍ എന്ന കപ്പലില്‍ ചരക്ക് നിറച്ചതിനെക്കുറിച്ച് പറയുന്ന വേളയില്‍ പരവൂരില്‍ നിന്നുള്ള കുരുമുളകിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. പരവൂരിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ വിദേശരാജ്യങ്ങളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. എ.ഡി ആദ്യശതകങ്ങളിലെ വാണിജ്യവികാസം പരവൂരിലും ഉണ്ടായെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. കൃഷി, നെയ്ത്ത് തുടങ്ങിയ മേഖലകളില്‍ അന്ന് പരവൂര്‍ പ്രശസ്തി നേടിയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് പരവൂരിലും ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭ-സമരങ്ങള്‍ നടന്നിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. കെ.എം.ബഷീര്‍ , കെ.എം.ഗോപാലപിള്ള, ആര്‍ അച്ചുതന്‍ തുടങ്ങിയ സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു ഇതിന് നേതൃത്വം കൊടുത്തിരുന്നത്. സര്‍ സി.പി.ക്ക് അനുകൂലമായി കലയ്ക്കോട് സംഘടിപ്പിച്ച യോഗത്തിലേക്ക് സ്വാതന്ത്ര്യസമരക്കാര്‍ ഇരച്ചുകയറിയത് ഇന്നും പരവൂരിലെ തല മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കയര്‍ മേഖലയിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗം സേവന-വേതന വ്യവസ്ഥകള്‍ക്കായി നടത്തിയ സമരങ്ങള്‍ ഏറെ നാള്‍ നീണ്ടുനിന്നിരുന്നു. സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന് ആത്മവീര്യം പകരുന്നതായിരുന്നു ഈ സമരങ്ങളൊക്കെ. പഴയകാലത്ത് പരവൂരിന്റെ ഭരണപരമായ കേന്ദ്രം സമുദ്രതീരമായ പൊഴിക്കരയായിരുന്നു. ഇതിന് തെളിവുകള്‍ ഏറെയുണ്ട്. രാജാവിന്റെ കൊട്ടാരം, രാജാവിന്റെ നിര്‍ദ്ദേശപ്രകാരം പരിഷ്കരിച്ച് നിര്‍മ്മിക്കപ്പെട്ട പൊഴിക്കര ക്ഷേത്രം, അതിനോട് ചേര്‍ന്നുള്ള സത്രം, ഇന്നത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് പകരം പ്രവര്‍ത്തിച്ചിരുന്ന താനം, ആദ്യത്തെ അഞ്ചലാപ്പീസ്, കോടതി എന്നിവ ഈ പ്രദേശത്തായിരുന്നു. കൊട്ടാരത്തിന്റെ ഭാഗം, ക്ഷേത്രം, താനം, അഞ്ചലാപ്പീസ് എന്നിവ ഇന്നും പൊഴിക്കരയിലുണ്ട്. ഇതിനെല്ലാം പുറമെ തിരുവിതാംകൂറിലെ കമ്മട്ടം പത്മനാഭപുരത്തു നിന്നും 1800-നും 1824-നും ഇടയില്‍ പരവൂരിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു. മലയാളത്തനിമയുടെ സംഗീതകുലപതി, നാടകത്തിലും സിനിമയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന, കേരളീയ ജീവിതത്തിന്റെ ലോലഭാവങ്ങളെ കൈവളയും കാല്‍ചിലങ്കയും അണിയിച്ചു നൃത്തമാടിച്ച ദേവരാജന്‍ മാസ്റ്റര്‍ പരവൂരിന്റെ സന്തതിയാണ്. ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് പരവൂര്‍ . ശരാശരി ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പത്തു ആരാധനാലയങ്ങള്‍ ഉണ്ടാകും. കാവുകള്‍ കൂടുതലുണ്ടായിരുന്നെങ്കിലും വയലുകള്‍ നികത്താന്‍ തുടങ്ങിയതോടെ കാവുകളുടെ എണ്ണം കുറഞ്ഞു. പരവൂരിലെ ക്ഷേത്രങ്ങള്‍ പലതരത്തിലാണ്. തറവാട്ടു ഭവനങ്ങളോടനുബന്ധിച്ചുള്ള ചെറുക്ഷേത്രങ്ങള്‍ , കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള കുടുംബക്ഷേത്രങ്ങള്‍ , ഒരു കരയിലെ ജനങ്ങളുടെ സഹകരണത്തോടെ രൂപാന്തരപ്പെട്ട കരയിലെ പ്രധാന ക്ഷേത്രങ്ങള്‍ എന്നിങ്ങനെയാണവ.